Krishnan's Blog

Weblog of Krishnan

Kaavu Theendunna Daivangal–Swamy Samvidanand

കാവ് തീണ്ടുന്ന ദൈവങ്ങള്‍ - സ്വാമി സംവിദാനന്ദ് (Kaavu Theendunna Daivangal–Swamy Samvidanand) it is an article came on Indiavision website on August 29, 2014. Later the website went down and these images are taken from the web archive website.

Kavutheendunna Daivangal- Page -1-1

Kavutheendunna Daivangal- Page -1-2

Kavutheendunna Daivangal- Page -2

Click on Image to view it.

കാവ് തീണ്ടുന്ന ദൈവങ്ങള്‍

സ്വാമി സംവിദാനന്ദ് | Published: August 29, 2014 (On India Vision)

pacha-j

പ്രകൃതി വിരുദ്ധമായ മത സ്ഥാപനങ്ങള്‍. ഒരുപക്ഷേ ഭൂമിയേയും അതിലെ സുന്ദര പ്രകൃതിയേയും ഏറ്റവും അധികം നോവിച്ച, അല്ലെങ്കില്‍ നോവിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ജീവിക്കുന്ന ഇടം എന്ന നിലയില്‍ കേരളത്തിന് ലോക ഭൂപടത്തില്‍ വിശേഷ ഇടമുണ്ടാവും. ഇത്തവണ കേരള സന്ദര്‍ശനത്തിലാണ് അതിന്റെ ഏറ്റവും രൂക്ഷത മനസിലായത്. മരം വെയ്ക്കാന്‍ ചില കാവുകളില്‍ പോയി. ചില വനദുര്‍ഗാ ക്ഷേത്രങ്ങളിലും പോയി. വനദുര്‍ഗയ്ക്ക് ക്ഷേത്രം അല്ല വേണ്ടത്. വനത്തില്‍ ഒരു ക്ഷേത്രം ഇല്ലാതെ ഇരിക്കുന്ന ഒരു സങ്കല്പത്തെ എത്ര സുന്ദരമായാണ് വികലമാക്കിയത്. കേരളത്തിലെ മിക്ക കാവുകള്‍ക്കുള്ളിലും അനാവശ്യമായി ചെറുതും വലുതുമായ കെട്ടിടങ്ങള്‍ വിഡ്ഢി ശിരോമണികളായ ഭക്തജനങ്ങള്‍ കെട്ടിപൊക്കുന്നു. ഒരു ചെങ്കല്‍ തറ മാത്രം അതില്‍ ഒരു കുഞ്ഞ് കല്ല് ദൈവം മാത്രം, ഉണ്ടായിരുന്നതെല്ലാം തട്ടിപൊട്ടിച്ച് കാടു വെട്ടി ഗംഭീര ക്ഷേത്രം കെട്ടി ഞെളിഞ്ഞു നിന്ന് ദീര്‍ഘശ്വാസം വിട്ട് അഭിമാനിക്കുകയാണ് പ്രകൃതീ ഘാതകരായ മണ്ടശിരോമണികള്‍. വനത്തിലിരിക്കേണ്ട ദുര്‍ഗാ ദേവിയെ നല്ല അടിപ്പന്‍ സിമന്റ് മാളിക പണിയിച്ച് അതിന്റെ മണ്ടയ്ക്ക് ഒരു ദ്വാരമിട്ടിട്ട് അഭിമാനത്തോടെ തന്റെ തച്ചു ശാസ്ത്ര വൈദഗ്ധ്യം വിളമ്പുകയാണ് തച്ചു ‘ചാത്രക്കാരന്‍’. വനദുര്‍ഗാ ക്ഷേത്രത്തിന് മേല്‍ക്കൂരപാടില്ല. അതിനാല്‍ മുകളില്‍ ഒരോട്ടയിട്ടിട്ടുണ്ട്’.

kaavuഒരു കാലഘട്ടത്തില്‍ അന്ധവിശ്വാസം കൊണ്ട് പ്രകൃതിക്ക് കുറച്ച് ഗുണമുണ്ടായിരുന്നു. ആ അന്ധവിശ്വാസം തന്നെ പില്‍ക്കാലത്ത് ദുരന്തമായി മാറിയതിന്റെ നേര്‍ക്കാഴ്ച്ചയ്ക്കും നമ്മുടെ നാട് സാക്ഷീഭവിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ കാവും കുളവും ഒരു വിശിഷ്ട വസ്തുവായിര���ന്നു. വിശ്വാസികളായ ഒരു കൂട്ടം മനുഷ്യര്‍ ആ കാവുകളില്‍ പരദേവതകളുണ്ടെന്നും ഗ്രാമ ദേവതകളുണ്ടെന്നും അഞ്ചരമണിനാഗമുണ്ടെന്നും ഒക്കെ വിശ്വസിച്ച് സംരക്ഷിച്ചു പോന്നു. അപ്പോഴും കാട് സംരക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ചിരുന്നത് വിശ്വാസവുമായി ഇടകലര്‍ന്ന ദൈവസങ്കല്പങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ജ്യോതിഷം എന്ന പാമ്പില്‍ ചുറ്റി സംഗതികള്‍ താറുമാറാവാന്‍ തുടങ്ങി. കാവില്‍ നിന്നും ഒരു മരം പോലും തൊട്ടു കൂടാ, ഒരില പോലും കിള്ളിക്കൂടാ, വര്‍ഷത്തില്‍ ഒരിക്കലല്ലാതെ അതില്‍ കയറിക്കൂടാ എന്നൊക്കെ. അതിനെയൊക്കെ ജ്യോതിഷി എന്ന അന്ധവിശ്വാസ വ്യാപന സംഘം പൊളിച്ചെഴുതി. കുടുംബത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം മൂലയ്ക്കലെ കാവിലെ സര്‍പ്പമാണത്രെ. വൃത്തിയും വിനയവുമില്ലാതെ അശുദ്ധമായത് വെട്ടിത്തെളിച്ച് ആഴ്ച്ചപൂജയ്ക്ക് ശട്ടം കെട്ടും, പറ്റിയില്ലെങ്കില്‍ മാസപ്പൂജയിലേക്ക് കണ്‍വര്‍ട്ട് ചെയ്യിപ്പിക്കും. അങ്ങനെ 101 രൂപ ദക്ഷിണ കിട്ടാന്‍ പത്താം ക്ലാസ്സും ഗുസ്തിയും പാസായ ഒരു മനുഷ്യന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ഒരു കാവ് സ്വാഹ.

മലയാളികള്‍ ജോലിതേടി പുറത്തേക്ക് പോകുന്ന കാലം, എണ്‍പതുകള്‍ക്ക് ശേഷം കേരളത്തിലുണ്ടായ ദുരന്തം വീടുകളില്‍ ആള്‍കൂട്ടം ഇല്ലാതായി എന്നതാണ്. ഭാഗം വെയ്പും ജോലിയും സമ്മാനിച്ച ഒറ്റപ്പെടല്‍ ഇടത്തരക്കാരുടെ പുരയിടത്തിലുണ്ടായിരുന്ന കാവിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നു. അതിന് അവരെ സഹായിച്ചതോ പ്രകൃതി വിരുദ്ധരും അല്‍പ ബുദ്ധികളുമായ ജ്യോതിഷികളും പൂജാരിമാരുമായിരുന്നു. കേരളത്തിലെ കാവുകളുടെയൊക്കെ പ്രേതം ഏറ്റുവാങ്ങാന്‍ പ്രധാനമായും ചില ഇല്ലങ്ങളുണ്ടായി. പാമ്പുമ്മേക്കാട് മന, ആമേട എന്നിങ്ങനെ പോകുന്നു അവയുടെ കണക്കുകള്‍…. ജ്യോതിഷിയും പൂജാരിമാരും ചേര്‍ന്ന് ഒരു പരിഹാരം എങ്ങനെയോ കണ്ടെത്തി സര്‍പ്പങ്ങളുള്ള സ്ഥലം ശുദ്ധമായിരിക്കണം അവിടെ അശുദ്ധി ബാധിച്ചാല്‍ കുടുംബത്തിന് സര്‍പ്പദോഷം കിട്ടും. അപ്പോള്‍ ഈ സര്‍പ്പങ്ങളൊയൊക്കെ ആവാഹിച്ച് ആമേടയിലോ പാമ്പുമ്മേക്കാട്ടോ സമര്‍പ്പിക്കണം. അതിനു ശേഷം കാവ് വെട്ടിക്കളയാം. ആ വിഡ്ഢിത്തം കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ സര്‍പ്പ ബലി നടത്തി കാവുകളിലെ സര്‍പ്പങ്ങളെയൊക്കെ ആവാഹിച്ച് വിശേഷപ്പെട്ട ഈ സ്ഥലത്ത് സമര്‍പ്പിക്കുന്ന ഹോബി അന്ധവിശ്വാസികളും ജൈവിക ആവാസ വ്യവസ്ഥ എന്തെന്നറിയാത്ത പമ്പരവിഡ്ഢികളുമായ വര്‍ഗ്ഗം ആഘോഷപൂര്‍വ്വം ഏറ്റെടുത്തു.

അതിനിടയില്‍ പൊളിച്ചു കളയാന്‍ പറ്റാത്ത വിധം കെട്ടുപിണഞ്ഞ് കിടന്ന കേസും നൂലാമാലയുമുള്ള സ്ഥലങ്ങളിലും ക്ഷേത്ര പറമ്പുകളുടെ കാവുകളിലും കാവുകള്‍ക്ക് അശുദ്ധി ബാധിക്കാതിരിക്കാന്‍ (കാവിനെന്തശുദ്ധി എന്നു ചോദിക്കരുത് വിശ്വാസത്തില്‍ ചോദ്യം പാടില്ല) മതിലുകള്‍ കെട്ടി ശുദ്ധിയായി സംരക്ഷിക്കാന്‍ തുടങ്ങി. എന്നു വെച്ചാല്‍ കാവ് എന്നത് ഒരു ചെറുകാടാണ് അതിന്റെ സ്വാഭാവിക വളര്‍ച്ചയെ മതിലുകെട്ടി തടുത്തു. അങ്ങനെ കാവും കുളങ്ങളും നാടുകടത്തുന്നതില്‍ ജ്യോതിഷിയും പൂജാരിയും തന്ത്രിയും ഒക്കെ അറിഞ്ഞോ അറിയാതയോ ഭാഗഭാക്കായി.. ഇനി മറ്റൊരു പ്രധാന ദോഷം കേരളത്തിലേക്കുള്ള പ്രവാസ പണത്തിന്റെ കുത്തൊഴുക്ക് മൂലം വഴി നീളെ പള്ളികളും അമ്പലങ്ങളും കൂണുപോലെ മുളച്ച് പൊന്താന്‍ കാരണമായി എന്നതാണ്. ഇവയിലൊന്നിനുപോലും പേരിലെങ്കിലും പ്രകൃതി സംരക്ഷണം ശീലിച്ച ഒരാള്‍ ഇല്ലാതായി.

kaavu-11

നാട്ടില്‍ പണമുള്ളവരുടെ ആഗ്രഹത്തിനനുസരിച്ച് ഭീമാകാരമായ കെട്ടിടങ്ങള്‍ ആരാധനാലയങ്ങള്‍ എന്ന പേരില്‍ കെട്ടിപ്പൊക്കി. പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കള്‍ കൊണ്ട് കെട്ടിടം പണിയുന്ന ഒരു എഞ്ചിനീയറിങ്ങ് സങ്കല്‍പം ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇല്ലാതായി പോയി. അഥവാ ഏതെങ്കിലും ഒരുത്തന്‍ അങ്ങനെ ഇറങ്ങിതിരിച്ചാല്‍ അതിനെ കെട്ടുകെട്ടിക്കാന്‍ പെടുന്ന പാട് ഇരുമ്പ്-സിമന്റ് കടക്കാര്‍ക്കറിയാം.

ഭൂമിക്ക് അല്‍പമെങ്കിലും ശ്വാസം കഴിക്കാനുള്ള ഇടം കിട്ടുന്ന ജൈവികമായ ഒരു കെട്ടിട സങ്കല്‍പം നിലവില്‍ നമ്മുടെ നാട്ടില്‍ ഇല്ല. ദൗര്‍ഭാഗ്യവശാല്‍ ഒരു തുള്ളി വെള്ളം മണ്ണിലിറങ്ങാത്ത വിധത്തിലും ഒരു തുള്ളി സൂര്യപ്രകാശം മണ്ണില്‍ തട്ടാത്ത വിധത്തിലും ഈ ടൈല്‍സ് പാകിയ കെട്ടിടങ്ങള്‍ ജൈവിക ആവാസ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവെച്ച് കൊണ്ട് പല്ലിളിച്ച് നില്‍ക്കുന്നു. അതിനും പുറമേ ഇന്നും നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം അമ്പലപ്പറമ്പായും പള്ളിപ്പറമ്പായും കിടപ്പുണ്ട്. നടപ്പു ദീനംവെച്ച് നോക്കിയാല്‍ സമീപ ഭാവിയില്‍ അവയിലെല്ലാം കോളേജുകള്‍/ഹോസ്പിറ്റലുകള്‍/ഷോപ്പിങ്ങ് മാളുകള്‍ എന്നിവ മുളച്ച് പൊന്തുമെന്നല്ലാതെ ഒരു പാഴ് ചെടി വളരാന്‍ കമ്മറ്റിക്കാര്‍ അനുവദിക്കില്ല. അഥവാ രണ്ട് പാഴില അവിടെ മുളച്ച് പൊന്തിയാല്‍ എതിര്‍ കമ്മറ്റിക്കാര്‍ അവരുടെ ഭരണത്തില്‍ കയറി സ്ഥലം കാടാക്കി എന്ന പരാതി പറഞ്ഞ് അതും വെട്ടി നിരത്തിക്കും. വളര്‍ച്ച എന്നത് സിമന്റും കമ്പിയുമാണെന്ന് തെറ്റിദ്ധരിച്ച ഒരു ജനതയാണ് കേരളീയര്‍. മൈക്രോ കുടുംബങ്ങളൊക്കെ തന്നെ വലിയ കോണ്‍ക്രീറ്റ് വീട് കെട്ടിപ്പൊക്കി അവശേഷിക്കുന്ന ഇത്തിരി സ്ഥലത്ത് നാലു വെണ്ടയും ഒരു തക്കാളിയും നട്ട് പ്രകൃതി സ്‌നേഹികളാവുന്ന ഇക്കാലത്ത് നമ്മുടെ മണ്ണില്‍ നിന്നും വേരറ്റ് പോയി കാട്ടു പച്ചപ്പുണ്ട് അതിനെ തിരിച്ചു പിടിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കണം. ഒരുപക്ഷെ തിരിച്ചു വരാത്ത വിധം മതസ്ഥാപനങ്ങളും വ്യവസായ വളര്‍ച്ചയും ചേര്‍ന്ന് കെട്ടുകെട്ടിച്ച ആ പച്ചപ്പിനെ തിരിച്ചു പിടിക്കുക എന്നതായിരിക്കും വരാന്‍ പോകുന്ന തലമുറയുടെ ഭഗീരഥ പ്രയത്‌നം.

Comments are closed